കോട്ടയം: ജില്ലയില്‍ പകല്‍ച്ചൂട് വര്‍ധിച്ചതോടെ പുറത്തിറങ്ങാന്‍ മടിച്ച് ജനങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വര്‍ധിക്കുന്നതു കൃഷികളെയും ദോഷകരമായി ബാധിച്ചുതുടങ്ങി. പല കര്‍ഷകരും പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷികള്‍ നനച്ചു തുടങ്ങി. പടിഞ്ഞാറന്‍ മേഖലകളില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതികള്‍ മാറിവരുമ്പോഴാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്.
രാവിലെ ഒമ്പതുമുതല്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കും. വൈകുന്നേരം മൂന്നുകഴിഞ്ഞാലും ചൂടിനു കുറവുണ്ടാകാത്ത സ്ഥിതിയാണ്. അന്തരീക്ഷ താപനിലയില്‍ ഏതാനും ദിവസങ്ങളായി രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകുന്നുണ്ട്. എല്‍ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെങ്കിലും ചൂട് വര്‍ധിക്കാനാണു സാധ്യത.
ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് താപനില ഉയരാന്‍ പ്രധാന കാരണമെന്നും നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി കണക്കാക്കുന്നില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ജലനിരപ്പ് കൂടുതൽ താഴ്ന്നു
പകല്‍ സമയത്ത് ചൂടിനു തീവ്രത കൂടുതലാണ്. എന്നാല്‍ രാത്രിയായല് അസഹനീയമായ പുകച്ചിലാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെയോടെ ചെറിയ ആശ്വാസം തോന്നുമെങ്കിലും രാവിലെ ഏഴോടെ സൂര്യകിരണങ്ങള്‍ പതിച്ചു തുടങ്ങുന്നതോടെ ചൂട് തുടങ്ങും. കഴിഞ്ഞ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലകളുടെ ലിസ്റ്റില്‍ കോട്ടയവുമുണ്ടായിരുന്നു. പക്ഷേ മഴ മാറുമ്പോള്‍ ചൂട് കൂടുന്ന സവിശേഷ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജലാശയങ്ങളില്‍ ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നു. മീനച്ചിലാറിലും മണിമലയാറിലും വലിയ തോതിലാണ് ജലനിരപ്പ് താഴ്ന്നത്. ഒപ്പം മണ്ണിന്റെ നനവും നഷ്ടപ്പെട്ടു. ഇതാണ് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഉണങ്ങാന്‍ കാരണമാകുന്നത്. പടിഞ്ഞാറന്‍ മേഖലകളിലും മണ്ണിന്റെ അവസ്ഥ ഇതു തന്നെയാണ്.
ജാഗ്രതാ നിര്‍ദേശം
അടുത്ത ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ നിര്‍ജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
വെയിലിനൊപ്പം പനിയും
ജില്ലയില്‍ ചൂട് കൂടിയതോടെ പനി, ജലദോഷം ചുമ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ രോഗങ്ങളും പകര്‍ച്ച വ്യാധികളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഈര്‍പ്പം, വെള്ളക്കെട്ട്, കൊതുക് വളരാനുള്ള സാഹചര്യം തുടങ്ങിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് രോഗങ്ങള്‍ പെരുകുന്നത്. മഴക്കാലത്ത് കൊതുകുകള്‍ പെരുകിയതിനാല്‍ ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയവയും വര്‍ധിക്കാന്‍ ഇടയാക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പനിയെതുടര്ന്നുള്ള വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.
പവര്‍കട്ടില്‍ വിയര്‍ത്ത് ജില്ല; പലയിടത്തും കട്ട് ഒന്നര മണിക്കൂറിലധികം
ജില്ലയില്‍ രാത്രിയിലുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ വിയര്‍ത്ത് സാധാരണക്കാര്‍. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ജില്ലയിലുടെ വിവിധ പ്രദേശങ്ങളില്‍ രാത്രി 6.30നും 12.30നും ഇടയില്‍ ഒന്നര മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. മുന്‍കുട്ടി അറിയിക്കാതെയുണ്ടാകുന്ന വൈദ്യുതി മുടക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചില പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളില്‍ രാവിലെ ആറുമുതല്‍ ഏട്ടു വരെയുള്ള സമയങ്ങളിലും വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട്.
ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്നലെ രാത്രി പലപ്പോഴായി ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. മഴ കുറഞ്ഞതോടെ രാത്രിയിലും അപാര ചൂടാണ്. ഇതു വൈദ്യുതി ഉപയോഗവും വലിയ തോതില്‍ വര്‍ധിപ്പിച്ചു.
അതേസമയം രാത്രി 6.30നും 12.30നുമിടയില്‍ എപ്പോള്‍ വേണമെങ്കിലും വൈദ്യുതി മുടങ്ങാവുന്ന സ്ഥിതിയാണ്. കൃത്യമായ സമയം പറയാനാവില്ലെന്നും കേരളത്തിനു പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറയുമ്പോഴാണ് കട്ട് വേണ്ടി വരുന്നതെന്നുമാണ് കെഎസ്ഇബി നല്കുന്ന വിശദീകരണം.